Wednesday, December 18, 2013

അങ്ങനങ്ങനെ...

ഇന്നത്തെ പുലർക്കാലം മനോഹരമായിരുന്നു...

ഞാൻ നടക്കാൻ ഇറങ്ങാൻ തുടങ്ങുമ്പോ പാച്ചുവും എണീറ്റിരുന്നു, ഉപ്പാടെ കൂടെ നടക്കാൻ പോരുന്നോന്ന് ചോദിച്ചതും  ആൾ റെഡി...

പോയി തിരിച്ച് വരുവോളം അവൾ വാ തോരാതെ സംസാരിച്ചോണ്ടിരുന്നു... 

എന്താ നേരത്തെ എണീറ്റതെന്ന് ചോദിച്ചപ്പോൾ ഇന്നലെ നേരം വൈകി കിടന്നതോണ്ടാണെന്ന്, നേരത്തെ കിടന്നാൽ എണിക്കാൻ വൈകുമെന്ന്... പക്ഷെ നേരം വൈകി കിടന്നാൽ നേരത്തെ എണിക്കാൻ പറ്റുമെന്നും പറഞ്ഞു അവൾ...

ഇന്നലെ നേരത്തെ കിടന്നിട്ടും ഉറക്കം കിട്ടിയില്ല... കുറേ നേരം കിടന്ന് ഡ്രീംസ് ഉണ്ടാക്കി കണ്ടെന്ന്... വലുതാവുന്നതൊക്കെ...

അങ്ങനെ കുറേ ഡ്രീംസ് കണ്ട് വലുതാവുമ്പോഴാവും എന്തെങ്കിലും ഒരു കാര്യം കിട്ടാതെ പോയതായി ഓർക്കുക എന്ന്... അപ്പോ അവൾ അതു മിസ്സായത് വരെ ഡ്രീംസ് മായ്ച്ചിട്ട് അത് നേടിയ ശേഷം അവിടുന്ന് വീണ്ടും ഡ്രീംസ് കാണൽ കണ്ടിന്യൂ ചെയ്യുമെന്ന്... 

പിന്നെ ക്ലാസ്സിലെ നല്ല  മിടുക്കിയായ അവളുടെ ഫ്രണ്ടിനെ പറ്റി പറഞ്ഞു...

ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തെ പറ്റി...

ലീപ് ഇയറിനെ പറ്റി...

അങ്ങനങ്ങനെ പറഞ്ഞു കൊണ്ടിരുന്നു...

പകരം ഞാനവൾക്ക്... 

കടത്തുകാർ അവരുടെ വള്ളങ്ങളിൽ മരപ്പലകയിൽ വിരിപ്പിട്ട് അലകളുടെ താരാട്ടിൽ മൂടിപ്പുതച്ചുറങ്ങുന്നത് കാണിച്ച് കൊടുത്ത് കൊതിപ്പിച്ചു...

ആളുകൾ കടത്തിനായ് കാത്ത് നിൽക്കുന്നത് കാണിച്ച് കൊടുത്തു... 

കടൽ കാക്കകൾ വെള്ളത്തിനു മുകളിൽ മുങ്ങാതെയിരുന്ന് ഇരപിടിക്കുന്നത്... 

പടിഞ്ഞാറേ ചെരുവിൽ ചന്ദ്രൻ നിറം കുറഞ്ഞ് കുറഞ്ഞ് വരുന്നത്...

അങ്ങനങ്ങനങ്ങനെ... 

:)

Tuesday, June 25, 2013

ഹാപ്പി ബർത്ത്ഡേ...

പിറന്നാളൂകാരി താത്ത ഇഞ്ഞാവയ്ക്കൊപ്പം...

പാച്ചൂന്റെ ഉപ്പാക്കും ഉമ്മാക്കും ഇന്നൊൻപതു വയസ്സ്... 
 

Saturday, May 25, 2013

പാച്ചുവും ആച്ചിയും

[പാച്ചുവിന്റെ ലോകം]
ഇന്നലെ വൈകീട്ട് പാർക്കിൽ പോയതായിരുന്നു ഞങ്ങൾ...
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ആഫ്രിക്കൻ ലേഡിയും അവരുടെ 3 വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞും കൂടെ വന്നു... ആ കുട്ടി ആച്ചിമോളുടെ അടുത്തേക്ക് കളിക്കാൻ വന്നപ്പോൾ ആച്ചി പേടിച്ച് കരയാൻ തുടങ്ങി... ആച്ചിയുടെ കരച്ചിലു മാറ്റാൻ അവളേയും പാച്ചുവിനേയും പാച്ചുവിന്റെ സൈക്കിളിൽ ഇരുത്തിൽ ഞാൻ ചവിട്ടാൻ തുടങ്ങിയപ്പോഴേക്കും അവൻ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു... അതോടെ ആച്ചിമോൾ വലിയ ഉച്ചത്തിൽ പേടിച്ച് നിലവിളിച്ചു... അപ്പോഴേക്കും ആ ലേഡി വന്ന് അവനെ തിരിച്ച് കൊണ്ടുപോയി...  ആ ലേഡിക്ക് വിഷമായിക്കാണുമോ എന്നതായിരുന്നു എന്റെ ചിന്ത... പക്ഷെ ഞങ്ങളുടെ പാച്ചു അവസരത്തിനൊത്തുയർന്നു... അവൾ സൈക്കിളിൽ നിന്നും ഇറങ്ങി ചെന്ന് അവരുടെ അടുത്ത് ബെഞ്ചിലിരുന്ന് അവനെ എടുത്ത് മടിയിൽ വെച്ച് ചിരിച്ച് കളിപ്പിക്കാൻ തുടങ്ങി...

*  *  *  *  *  *  *

[ആച്ചിയുടെ ലോകം]
"അപ്പാ... നമ്മളു പൊറത്ത് പോണ്ണ്ടാ...?"  ആച്ചിമോൾ വന്ന് ചോദിച്ചു...
'ഇല്ല...' ഞാൻ പറഞ്ഞു...
"നമ്മടെ വീട്ടിലാൾക്കാരു വരണ്ടാ...?" അവൾ പിന്നെയും ചോദിച്ചു...
'ഇല്ല...'
"പിന്നെ അപ്പായി എന്തിനാ കുളിച്ചത്...?!"

Sunday, May 19, 2013

മാർക്ക് തിരുത്തൽ

ആൻസർ പേപ്പറിൽ 25-ൽ ഇരുപത്തി നാലേ മുക്കാൽ മാർക്ക് കിട്ടിയിരുന്നത്, ടീച്ചർ ശ്രദ്ധിക്കാതെ പോയ തെറ്റ് കാണിച്ച് കൊടുത്ത് ഇരുപത്തി നാലേ കാൽ മാർക്കായി തിരുത്തി വാങ്ങിച്ച് കൊണ്ട് വന്നിരിക്കുന്നു... പാച്ചു :)

Thursday, April 4, 2013

മാജിക്

"അപ്പാ... ഈ ഇഞ്ഞാവൊക്കെ ണ്ടാവണത് എങ്ങനാ...."

"ഇഞ്ഞാവ ഉമ്മാടെ വയറ്റിലു വരും... ന്നിട്ട്... പ്രസവിക്കും... അങ്ങനെ ഇഞ്ഞാവ വരും..."

"അപ്പോ ഇഞ്ഞാവ വയറ്റിലു വരണത് മാജിക്കാ?!"

(ഞാൻ പ്ലിം)

ലേബൽ: ആച്ചിയുടെ ലോകം