Monday, June 2, 2008

ലെഗ് ഇന്‍ ദ പാന്‍റ്

രണ്ട് മാസാവാറായി പാച്ചുവിന്‍റെ സ്കൂള്‍ ജീവിതം തുടങ്ങിയിട്ട്.
സ്കൂളില്‍ പോകാനൊക്കെ നല്ല ഇഷ്ടം.
എങ്കിലും എന്നും രാവിലെ ഒരു ചിണുങ്ങലുണ്ട്...
‘ന്ന് സ്കൂളീ പോണ്ടാ...’
പക്ഷെ, യൂണിഫോമിട്ടാല്‍ പിന്നെ ആള് ഫോമിലായി.

പഠിക്കാനും ഹോം വര്‍ക്ക് ചെയ്യാനും ഒക്കെ നല്ല ഉഷാര്‍.
ചിലപ്പോള്‍ സ്കൂളില്‍ നിന്നും വന്ന പാടെ ഹോം വര്‍ക് തീര്‍ത്ത് വെക്കും.
ഒരു ദിവസം മടക്കയാത്രയില്‍ ബസ്സില്‍ വെച്ച് തന്നെ ഹോം വര്‍ക് ചെയ്ത് വന്നു.
അതെന്തിനാ അങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് കിട്ടിയ മറുപടി...

‘ഉമ്മാനെക്കൊണ്ട് തൊള്ളടീപ്പിക്കണ്ടാന്ന് വിചാരിച്ച് ബസ്സീന്നെന്നെ ചെയ്ത്...’

പഠിച്ച ഇംഗ്ലീഷ് വാക്കുകള്‍ കിട്ടുന്ന അവസങ്ങളിലെല്ലാം അയല്പക്കത്തെ കൂട്ടുകാരുടെ മേല്‍ പ്രയോഗിക്കും, ഇടയ്ക്ക് ഞങ്ങള്‍ക്കിട്ടും...

ഞാനും നല്ലപാതിയും എന്തോ സംസാരിച്ച് കൊണ്ടിരിക്കുന്നതിലിടയ്ക്കാണ് പാച്ചു പറയുന്നത്...

‘ലെഗ് ഇന്‍ ദ പാന്‍റ്...’

പാച്ചു പറഞ്ഞത് മനസ്സിലാവാതെ ഞാന്‍ ചോദിച്ചു

‘എന്താ മോളേ... എന്താ വേണ്ടത്...’

‘ലെഗ് ഇന്‍ ദ പാന്‍റ്...’ പാച്ചു ആവര്‍ത്തിച്ചു

കാര്യം മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കുന്ന ഞങ്ങളെ നോക്കി പാച്ചു ഒച്ച വെച്ചു...

‘പാന്‍റിട്ട് തരാന്...’

5 comments:

മുസ്തഫ|musthapha said...

പാച്ചുവിന്‍റെ വിശേഷങ്ങള്‍ക്ക് മാത്രമായി ഒരിടം

Sharu (Ansha Muneer) said...

പാച്ചൂന്റെ മാത്രം ലോകം; എന്നത്തെയും പോലെ പാച്ചു തകര്‍ക്കട്ടെ.
ഭാവുകങ്ങള്‍... :)

അഭിലാഷങ്ങള്‍ said...

പച്ചൂന്റെ വിശേഷങ്ങളറിയാതെ ഒരു രസമില്ലായിരുന്നു...

നന്ദി..

പിന്നെ, പാച്ചു ‘ലെഗ് ഇന്‍ ദ പാന്‍റ്...’ എന്ന് പറഞ്ഞപ്പോള്‍ മുഖത്തോട് മുഖം നോക്കിനിന്ന അഗ്രജനും അഗ്രജയും ആണ് കുറ്റം ചെയ്തത്. നല്ല ഗ്രാമറൊക്കെയുള്ള ‘പ്യുവര്‍ ഇംഗ്ലീഷ്‘ കേട്ടാ നിങ്ങള്‍ക്ക് രണ്ടിനും മനസ്സിലാവാത്തത് പാച്ചൂന്റെ കുറ്റാണോ? ആണോന്ന്...?

ങും.. ഇത് ഇംഗ്ലീഷിന്റെ കാര്യം. എന്റെ മലയാളത്തിന്റെ കാര്യം കേള്‍ക്കണോ? എല്ലാരും ഇപ്പോഴും പറഞ്ഞ് ചിരിക്കുന്ന ഒരു കാര്യമാണിത്. പണ്ട് ചെറുപ്പത്തില്‍, ചെറുപ്പത്തില്‍ എന്ന് പറഞ്ഞാല്‍ വളരെ ചെറുപ്പത്തില്‍, എന്നേയും കൂട്ടി അച്ഛന്‍ ബാര്‍ബര്‍ഷാപ്പില്‍ മുടിവെട്ടിക്കാന്‍‌ കൊണ്ടുപൊയി. ബാര്‍ബര്‍ ദാമുവേട്ടന്‍ വേറെ ഒരു കുട്ടിയുടെ മുടിവെട്ടിക്കൊണ്ടിരിക്കുവായിരുന്നതിനാല്‍ എന്നെ അവിടെ ഇരുത്തിയിട്ട് അച്ഛന്‍ ഇപ്പോ വരാംന്നും പറഞ്ഞ് അടുത്ത കടയില്‍ സാധനം വാങ്ങാന്‍ പോയി.

ആ കുട്ടിയുടെ മുടിമുറിക്കല്‍ കഴിഞ്ഞു. ദാമുവേട്ടന്‍ എന്നോട് ചുമ്മാ ചോദിച്ചു:

“മോനേ, എന്തിനാ വന്നത്?”

ഞാന്‍ കൂളായി മറുപടി പറഞ്ഞു പോലും:

“എനിച്ച് എന്റെ തലമുറിക്കണം!!”

അവിടെ കൂടിനിന്നിരിക്കുന്നവരുടെ കൂട്ടച്ചിരിക്കിടയില്‍ എന്താ കാര്യം എന്ന് അന്വേഷിച്ച് അച്ഛനും എത്തി. ചിരികളുടെ കൂട്ടത്തില്‍ അങ്ങിനെ ഒരു പട്ടാളക്കാരന്റെ ചിരികൂടി മുഴങ്ങിക്കേട്ടു...!

ഇതി വാര്‍ത്താഹഃ :-)

ശ്രീ said...

ഇങ്ങനൊരു പരിപാടി തുടങ്ങീത് നന്നായി.

പാച്ചുവിനോട് ചോദിച്ച് കുറച്ച് ഇംഗ്ലീഷൊക്കെ പഠിയ്ക്ക് അഗ്രജേട്ടാ... ;)

Shaf said...

ഇപ്പോഴാ കണ്ടത് സമാധാനമായി...
സുഖങ്ങള്‍ തന്നെ യാണല്ലോ അഗ്രൂ..
എല്ലാവിധ ഭാവുകങ്ങളും പാചുവിന്..